കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ പുതുതായി നിർമിച്ച വാ ഗ്ഭടാനന്ദ ഗുരു മീഡിയാ ലൈബ്രറി മേയർ ഡോ.ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു.
പുസ്തകങ്ങൾക്ക് മൂല്യമില്ലാതായാൽ ആശയങ്ങൾക്ക് തന്നെ മൂല്യമില്ലാതാവുമെന്നന്ന് അവർ പറഞ്ഞു. പുസ്തകങ്ങളായിരുന്നു ഒരു കാലത്ത് മനുഷ്യന്റെ പ്രാണവായു. അതിലൂടെയാണ് അവർ ലോകം കണ്ടത്. കാലം മാറ്റങ്ങളുണ്ടാക്കിയതോടെ ഓൺലൈൻ വായനാ സംസ്കാരം ഉണ്ടായി. എന്നാൽ പലപ്പോഴും ഓൺലൈൻ വായന നിക്ഷിപ്ത താൽപര്യങ്ങൾക്ക് വഴിമാറുന്നുണ്ട്. ഗൂഗിളിലും വിക്കിപീഡിയയിലും കിട്ടുന്ന വിവരങ്ങൾക്കു മുകളിൽ നിയന്ത്രണ ശക്തികളുണ്ട്. അറിവ് നേടാൻ പുതുതലമുറയും പുസ്തകങ്ങളെ തന്നെ ആശ്രയിക്കണമെന്നും പ്രസ്ക്ലബ് ഉണ്ടാക്കിയ റഫറൻസ് ലൈബ്രറി അതിന് മുതൽകൂട്ടാവട്ടേയെന്നും മേയർ.
സുവർണ ജൂബിലിയോടനുബന്ധിച്ചുള്ള നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്)യുടെ പിന്തുണയോടെയാണ് ആധുനിക രീതിയിൽ ലൈബ്രറി നിർമാണം പൂർത്തിയാക്കിയത്. പ്രസ് ക്ലബ്ബിന്റെ മൂന്നാം നിലയിൽ സജീകരിച്ച ലൈബ്രറിയിൽ പുസ്തകങ്ങൾ ഡിജിറ്റൽ രൂപത്തിൽ വായിക്കാനും സൗകര്യം ഒരുക്കുയിട്ടുണ്ട്.
ശിലാഫലകം മേയർ അനാച്ഛാദനം ചെയ്തു. പ്രസ് ക്ലബ്ബ് അംഗങ്ങൾ ലൈബ്രറിയിലേക്ക് സംഭവാന നൽകിയ പുസ്തകങ്ങളും അവർ ഏറ്റുവാങ്ങി.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. യു.എൽ.സി.സി മാനേജിങ് ഡയരക്ടർ എസ്. ഷാജു, കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറി അഞ്ജന ശശി എന്നിവർ സംസാരിച്ചു. സെക്രട്ടറി പി.എസ് രാകേഷ് സ്വാഗതവും ട്രഷറർ പി.വി നജീബ് നന്ദിയും പറഞ്ഞു.
അകാലത്തിൽ വിട്ടു പിരിഞ്ഞ കാലിക്കറ്റ് പ്രസ് ക്ലബ്ബ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും നിയുക്ത ട്രഷററുമായ ടി. ഷിനോദ് കുമാറിന്റെ നിര്യാണത്തിൽ അനുശോചിച്ച് മൗന പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.
Leave a Reply